Malayalam’s First AI Generated Films

ലയാളത്തിലെ ആദ്യത്തെ കൃത്രിമബുദ്ധി നിർമിതമായ രണ്ട് സിനിമകൾ പുറത്തിറങ്ങി. “നിഖില മോൾ” ഉം “ചേച്ചി” ഉം ആണ് കൃത്രമബുദ്ധി കഥയും തിരക്കഥയും എഴുതിയ സിനിമകൾ. സംവിധാനം ആരാണെന്നു അറിയില്ല. രണ്ടു സിനിമകൾക്കും രണ്ടാമതോരോ പേരുകൾ കൂടി ഉണ്ട് — “ചെമ്പരത്തി” ഉം, അടുത്തതിന്റെ പേര് ഞാൻ മറന്നു പോയി. മലയാളത്തിലെ എറ്റവും മികച്ചതും, വാണിജ്യപരമായി വിജയിച്ചതുമായ സിനിമകളുടെ കഥയും തിരക്കഥയും കമ്പ്യൂട്ടർ അൽഗോരിതങ്ങളുടെ സഹായത്തോടെ പഠിച്ചിട്ടാണ്, കൃത്രിമബുദ്ധി പുതിയ കഥകളും തിരക്കഥയും എഴുതിയത്. നാം ഇതുവരെ കണ്ടിട്ടുള്ള പല മലയാള സിനിമകളുമായി പല ഭാഗങ്ങളിലും സാമ്യം തോന്നാമെങ്കിലും, അവയിലെ എറ്റവും നല്ല അംശങ്ങൾ ഭംഗി ആയി കൂട്ടിയിണക്കുന്നവയാണ് രണ്ടു സിനിമകളും.

മതം, ജാതി, ഭാഷ, സ്ഥലങ്ങൾ, ജീവിതശൈലി തുടങ്ങിയ ബാഹ്യഘടകങ്ങൾ എങ്ങനെ ആണ് മനുഷ്യന്റെ ചിന്തയെയും പ്രവർത്തിയെയും സ്വാധീനിക്കുന്നത് എന്നതാണ് “നിഖില മോൾ” എന്ന ചിത്രം അടിസ്ഥാനമാക്കിയിരിക്കുന്നത്. ഒരു കൊച്ചു പെൺകുട്ടിയുടെ കഥ ആണ് ഈ സിനിമ പറയുന്നത്. കഥയുടെ പൂർണരൂപം ഞാൻ മറന്നു. കുറഞ്ഞ മുതൽമുടക്കിൽ നിർമിച്ചിരിക്കുന്ന ഈ സിനിമ ഞാൻ മുഴുവൻ കണ്ടു. കഥയും തിരക്കഥയും നല്ലതാണെങ്കിലും ഗുണനിലവാരമില്ലാത്ത ചിത്രീകരണവും, വൈദഗ്‌ദ്ധ്യമില്ലാത്ത നടി-നടന്മാരും ചിത്രത്തിന്റെ നിലവാരത്തെ ബാധിച്ചു. എങ്കിലും കഥ മറക്കാനാവാത്തതും ചിന്തിപ്പിക്കുന്നതും ആണ്. നടി-നടന്മാർ ആരാണെന്നു ഞാൻ ഓർക്കുന്നില്ല.

മനുഷ്യന്റെ സഹജവാസനകളും അന്തർജ്ഞാനവും എങ്ങനെ ആണ് മനുഷ്യബന്ധങ്ങളെയും സമ്പർക്കങ്ങളയും സ്വാധീനിക്കുന്നത് എന്നതിന്റെ ശക്തമായ ആവിഷ്കാരമാണ് രണ്ടാമത്തെ സിനിമയായ “ചേച്ചി”. റിമ കല്ലിങ്കൽ ഉം വിനായകൻ ഉം അഭിനയിച്ച ഈ സിനിമയുടെ പോസ്റ്ററും ട്രെയ്ലറും മാത്രമേ കാണാൻ കഴിഞ്ഞുള്ളൂ. മികച്ച രീതിയിൽ നിർമിച്ച സിനിമയാണിത്. ചിത്രത്തിന്റെ കഥ പൂർണമായും അറിയില്ലെങ്കിലും, പ്രമേയം എന്താണെന്ന് ട്രെയ്‌ലറിൽ നിന്ന് മനസിലാക്കാൻ കഴിഞ്ഞു.

കൃത്രിമബുദ്ധി (Artificial Intelligence – A.I) വിദഗ്ദ്ധരും കലാകാരന്മാരും ചേർന്നാണ് പുതിയ സിനിമകൾ തയാറാക്കിയത്. ഇതൊരു പരീക്ഷണം ആണെന്ന് അവർ വ്യക്തമാക്കി. ലോകത്തിന്റെ പലയിടത്തും കൃത്രിമബുദ്ധി നിർമിതമായ കലാസൃഷ്ടികൾക്കു ആവശ്യകത ഏറിവരുന്ന സാഹചര്യത്തിൽ ആണിത്. എന്നാൽ യഥാർത്ഥ കലാകാരന്മാരുടെ നൈസർഗിക സൃഷ്ടികൾക്ക് ഹാനികരമാണ് ഇത്തരം “കൃത്രിമ-കലാസൃഷ്ടികൾ” എന്ന് പ്രമുഖ കലാകാരന്മാർ അഭിപ്രായപ്പെട്ടു. ഒടുവിൽ സിനിമ എന്നത് പ്രേക്ഷകരുടെ പ്രതീക്ഷകൾക്ക് വേണ്ടി “ട്യൂൺ” ചെയ്ത വാണിജ്യചരക്കായി മാത്രം മാറും എന്നും അവർ മുന്നറിയിപ്പ് നൽകി.

ഇത്രയും വായിച്ചിട്ട് അന്തംവിട്ട് കുന്തം വിഴുങ്ങി ഇരിക്കുകയാണെങ്കിൽ ഇനി നിങ്ങൾക്ക് ഒരു ഗ്ലാസ് വെള്ളം കുടിക്കാം. ഇത്രയും പറഞ്ഞ കാര്യങ്ങൾ യഥാർത്ഥത്തിൽ സംഭവിച്ചതല്ല. ഞാൻ ഇന്ന് രാവിലെ കണ്ട സ്വപ്നം ആണ്. വിചിത്രമാണ് സ്വപ്നങ്ങൾ. ഇന്ന് കണ്ടതും വ്യത്യസ്തമല്ല. പക്ഷെ ഇത്രമാത്രം വിശദാംശങ്ങൾ എനിക്ക് ഓർത്തെടുക്കാൻ കഴിഞ്ഞു എന്നത് എന്നെ വളരെയധികം അതിശയിപ്പിക്കുന്നു. “ചേച്ചി” എന്ന സിനിമയുടെ പോസ്റ്റർ വരെ എന്റെ മനസ്സിൽ വ്യക്തമായി ഇപ്പോൾ ഉണ്ട്. പിന്നെ നിങ്ങൾ സിനിമകളുടെ പേര് കേട്ട് ചിരിച്ചെങ്കിൽ അത് സ്വാഭാവികമാണ്.

ഇന്നലെ രണ്ടുമണിക്കാണ് കിടന്നത്. അലാം കേട്ടാണ് രാവിലെ ഉറക്കമുണർന്നത്. അപ്പോൾ തന്നെ മനസ്സിൽ ഉള്ളത് സ്വപ്നം ആണോ സത്യമാണോ എന്ന് അമ്പരപ്പുണ്ടായിരുന്നു. പക്ഷെ വളരെ വ്യക്തമായി ഓർമയിൽ തങ്ങി നിൽക്കുന്ന സ്വപ്നം ആണെന്ന് പെട്ടെന്ന് തന്നെ മനസിലായി. ഉടൻ തന്നെ എഴുന്നേറ്റ് കമ്പ്യൂട്ടർ ഓൺ ആക്കി ടൈപ്പ് ചെയ്യാൻ തുടങ്ങി. അല്ലെങ്കിൽ ചിലപ്പോൾ ഞാൻ അത് മറന്നു പോയേക്കാം. ഇനിയിപ്പോ ഞാൻ ഈ പറഞ്ഞതെല്ലാം കേട്ട് ആരെങ്കിലും ആ സിനിമകൾ എടുക്കാൻ പോകുമോ എന്തോ! [ചിരി]

എന്റെ ആദ്യത്തെ മലയാളം ബ്ലോഗ് ആണിത്. ഇഷ്ടപ്പെട്ടെങ്കിൽ അങ്ങ് പ്രോത്സാഹിപ്പിച്ചേക്കണം 😉

അധികവായന : https://www.wired.com/story/ai-filmmaker-zone-out/

Note

The content of this page is written in Malayalam language. Please use a translate service (Right click on Google Chrome) to read it in other languages, though I can’t guarantee a perfect translation.

Leave a Reply

Your email address will not be published. Required fields are marked *

This site is protected by reCAPTCHA and the Google Privacy Policy and Terms of Service apply.

The reCAPTCHA verification period has expired. Please reload the page.